An Educational Blog

Trivandrum Teachers WhatsApp ഗ്രൂപ്പിന്‍റെ പുതിയ ചുവടുവയ്പ്പ്. ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.

Tuesday 5 July 2016

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം






''ദാഹിച്ചുവലഞ്ഞുവരുന്ന ഒരു മൃഗത്തിന് വെള്ളം കൊടുക്കുന്നത് ഒരു പ്രാര്‍ത്ഥന. ഒരു ചെടിയോ വൃക്ഷമോ നട്ട് വെള്ളമൊഴിച്ചു വളര്‍ത്തുന്നതും പ്രാര്‍ത്ഥന. ഒരു പുഷ്പത്തിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതും പ്രാര്‍ത്ഥന. വിശന്നു പൊരിഞ്ഞു വരുന്ന മനുഷ്യന് ആഹാരം കൊടുക്കുന്നതും പ്രാര്‍ത്ഥന. ദുഃഖിതരെ ആശ്വസിപ്പിക്കുന്നതും പ്രാര്‍ത്ഥന. ജീവികളെ സന്തോഷിപ്പിക്കുന്നതും പ്രാര്‍ത്ഥന. രാവിന്റെയും പകലിന്റെയും ഭീതികളില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്നപേക്ഷിക്കുന്നതും പ്രാര്‍ത്ഥന. അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതം.'' - വൈക്കം മുഹമ്മദ് ബഷീര്‍



തലയോലപ്പറമ്പെന്ന കൊച്ചു ഗ്രാമത്തെ വിശ്വസാഹിത്യത്തോളം വളര്‍ത്തിയത് ജീവിതത്തെത്തന്നെ പ്രാര്‍ത്ഥനയായിക്കണ്ട ബഷീര്‍ എന്ന വന്‍മരമാണെന്ന് നിസ്സംശയം പറയാം. ജീവിതവും സാഹിത്യവും തമ്മിലുള്ള അകലവും ജീവിതഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലവും ഇല്ലാതാക്കിയ എഴുത്തുകാരന്‍. പുതിയ പദാവലികളും ശൈലികളും മലയാളത്തിന് സമ്മാനിച്ച മഹാപ്രതിഭ. ബഷീര്‍ മലയാളമനസ്സിന്റെ ഭാഗംതന്നെയാണ്. ബഷീര്‍കൃതികള്‍ വായിക്കാത്തവര്‍ പോലും ആ കഥാപാത്രങ്ങളേയും കഥാപ്രപഞ്ചത്തേയും അറിയുന്നു. തന്റെ കൃതികളെക്കാള്‍ വലുതായ ആ വ്യക്തിമഹത്വം തിരിച്ചറിയുന്നു.
ബഷീര്‍ രചനകളില്‍ താന്‍ ജീവിച്ച കാലവും നേരിട്ട അനുഭവങ്ങളും അന്നത്തെ സാമുദായിക-സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലവും തെളിഞ്ഞുകിടക്കുന്നു. ബഷീറെന്ന വ്യക്തി തന്റെ കൃതികളില്‍ക്കൂടിയും സംഭാഷണങ്ങളില്‍ക്കൂടിയും വ്യത്യസ്തമായ ജീവിത വഴികളില്‍ക്കൂടിയും സാഹിത്യ സാംസ്കാരിക ലോകത്ത് നിറഞ്ഞുനില്‍ക്കുന്നു. ബഷീറെന്ന യാത്രികനെ കാണിച്ചുതരുന്ന യാത്രാനുഭവങ്ങള്‍ കൂടിയായിമാറുന്നു അദ്ദേഹത്തിന്റെ രചനകള്‍.
നവോത്ഥാനകാലഘട്ടം ബഷീറിന്റെ ചിന്തകളെയും പ്രവൃത്തികളെയും ആഴത്തില്‍ സ്വാധീനിച്ച കാലമാണ്. സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണ്ണായകഘട്ടങ്ങളിലാണ് ബഷീര്‍ തന്റെ രചനകള്‍ക്ക് തുടക്കം കുറിക്കുന്നത്. അനുഭവങ്ങളുടെ തീച്ചൂളകള്‍ ബഷീറെന്ന എഴുത്തുകാരനെ പരുവപ്പെടുത്തിയെടുത്ത കാഴ്ചകള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ തെളിയുന്നു. തദ്ദേശസാഹിത്യത്തെക്കുറിച്ച് ഉത്കണ്ഠ വളരുന്നതും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവന്റെ സാഹിത്യത്തിന് പ്രസക്തി ലഭിക്കുന്നതും സ്വത്വനഷ്ടത്തെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നാണ്. സ്വത്വസംരക്ഷണത്തിന്റെ വ്യാകുലതകള്‍ ബഷീറെന്ന എഴുത്തുകാരന്റെ ഭാഷയിലും കടന്നുവരുന്നു. ബാല്യകാലസഖിയുടെ ആദ്യഭാഗങ്ങളില്‍ പ്രാദേശികഭാഷയുടെ വശ്യത വെട്ടിത്തിരുത്തിയ പ്രസ്സുകാരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പഴയ രൂപത്തിലാക്കിയത് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. തന്റെ കൃതികളിലെ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്യപ്പെടാതെ സര്‍ഗ്ഗസാഹിത്യമായി അടയാളപ്പെടുത്തണമെന്ന നിശ്ചയദാര്‍ഢ്യവും ഒപ്പം പ്രാദേശികതയുടെ അടയാളങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകള്‍ സാഹിത്യത്തിന്റെ പരിധിയില്‍ പെടുന്നതാണെന്നുള്ള ഉത്തമബോധ്യവും അദ്ദേഹം പുലര്‍ത്തി. വരേണ്യമെന്നോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതെന്നോ ഉള്ള ദ്വന്ദ്വത്തില്‍ ബഷീര്‍ വിശ്വസിച്ചില്ല. താനെഴുതുന്നതെല്ലാം വിശ്വസാഹിത്യമെന്ന തിരിച്ചറിവ് ലോകത്തെവിടെയുമുള്ള സാഹിത്യത്തിലെ സമാനതകള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യന്റെ വിശ്വാസപ്രഖ്യാപനമാണ്. പ്രാകൃതം, സംസ്കൃതം എന്ന ദ്വന്ദ്വം സാഹിത്യത്തില്‍ സ്വീകരിക്കപ്പെടേണ്ടതില്ല എന്നതാണ് സംസ്കാരപഠനവും മുന്നോട്ടുവയ്ക്കുന്നത്. ഒരു ദേശത്തിന്റെ വൈവിദ്ധ്യവും വൈചിത്ര്യവും ഒരുപോലെ നിഴലിക്കുന്നതാണ് സംസ്കാരം. കാലവും ദേശവും സംസ്കാരത്തിന്റെ നിയാമകങ്ങളാണ്.
പ്രവാസജീവിതത്തിന്റെ അടയാളങ്ങള്‍ മിക്ക കൃതികളിലും കടന്നുവരുന്നുണ്ട്. സ്വന്തം സമുദായത്തിലെയും സമൂഹത്തിലെയും ആചാരങ്ങളാണ് ബാല്യകാലസഖിയില്‍ മജീദിനെ വീണ്ടും പ്രവാസിയാക്കി മാറ്റുന്നത്. സഹോദരിമാരെ വിവാഹം കഴിച്ചയയ്ക്കാന്‍ പണം വേണം, അവര്‍ക്ക് കാതിലെ കറുത്ത നൂല്‍ മാറ്റി പൊന്നിന്റെ കമ്മല്‍ അണിയണമെങ്കിലും പണം വേണം. മജീദിന് സുഹറയെ സ്വന്തമാക്കണമെങ്കില്‍ നാടുവിടാതെ വയ്യ എന്ന മജീദിന്റെ അവസ്ഥ മജീദിന്റെ രണ്ടാം യാത്രയ്ക്ക് കാരണമാണ്. തന്റെ പ്രവാസജീവിതത്തില്‍ താന്‍ നേടിയ അനുഭവങ്ങളെ ആത്മാംശമുള്ള കഥാപാത്രങ്ങളിലേക്ക് നേരെ പകര്‍ത്തുകയാണ് കഥാകാരന്‍.
മലയാളനോവലില്‍ മുസ്ലീംസാമൂഹ്യജീവിതം ആദ്യമായി അടയാളപ്പെടുത്തിയ കൃതിയും ബാല്യകാലസഖിയാണ്. മജീദിന്റെ ചിന്തകളിലൂടെയും യാത്രകളിലൂടെയും സ്വന്തം സമുദായത്തിലെ ആചാരങ്ങളും അനാചാരങ്ങളും സാഹിത്യത്തില്‍ ആവിഷ്കരിക്കുകവഴി നിലനിന്നിരുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകകൂടിയാണ് ബഷീര്‍ ചെയ്തത്. നിരക്ഷരരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷവുമായി എണ്ണിയ ഒരുപറ്റം ആളുകളെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് തന്റേടത്തോടെ കൂട്ടിക്കൊണ്ടുവരികയും സര്‍ഗ്ഗസംസ്കാരത്തിന്റെ ബഹുസ്വരതയിലേയ്ക്ക് കൂട്ടിച്ചേര്‍ക്കുകയുമാണ് ബഷീര്‍ ചെയ്തത്. കാലദേശങ്ങളില്‍നിന്നെഴുതുമ്പോഴും എഴുത്ത് കാലദേശങ്ങള്‍ക്കതീതമാകുന്ന കാഴ്ച അദ്ദേഹത്തില്‍ കാണാം. താന്‍ ജീവിച്ച സാമൂഹ്യസാഹചര്യങ്ങളില്‍ ഒരേ സമയം അതീതവും അധീനവുമായി ജീവിക്കേണ്ടിവരുന്ന അവസ്ഥ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളിലുണ്ട്. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും അരാജകത്വം അനുഭവപ്പെട്ടകാലമാണ് ബഷീറിനെയും വേട്ടയാടിയത്. ജാതിചിന്തയും സാമൂഹികാസമത്വവും നിലനില്‍ക്കാത്ത ഒരു ലോകമാണ് അദ്ദേഹം സ്വപ്നംകണ്ടത്. നിലവിലുള്ള അവസ്ഥാന്തരങ്ങളില്‍ നിന്ന് പുതിയതൊന്ന് കെട്ടിപ്പടുക്കാനുള്ള അഭിവാഞ്ഛ ബഷീറില്‍ ശക്തമായിരുന്നു. കാലത്തോടും ലോകത്തോടും കലഹിക്കുകയായിരുന്നു ബഷീര്‍ തന്റെ കൃതികളിലുടെ. പണം സമ്പാദിക്കുക എന്ന ലക്ഷ്യമായിരുന്നില്ല അദ്ദേഹത്തെ പ്രവാസിയാക്കി മാറ്റിയത്. മറിച്ച് ലേകത്തെ അറിയുക എന്നതായിരുന്നു. അനുഭവങ്ങളിലൂടെ ലോകത്തെ അറിഞ്ഞതിനാലാണ് ഒരു സൂഫിയെപ്പോലെ കാലത്തെയും ലോകത്തെയും ഉള്‍ക്കൊണ്ട് അദ്ദേഹത്തിനെഴുതാനായത്. ഏതു ദുരന്തത്തെയും അതിജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാനായത്. ജീവിതത്തെ 'പ്രകാശമുള്ള സൗന്ദര്യ'മായി ഉള്‍ക്കൊള്ളാനായത്. യുദ്ധങ്ങളും ആക്രമണങ്ങളും പത്രത്താളുകളിലും ചാനലുകളിലും മിന്നിമറയുമ്പോള്‍ യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമിടയില്‍ അനാഥമാകുന്ന, ഇരപ്രവാസികളാകുന്ന (victim diaspora) നിരവധി ജീവിതങ്ങളെക്കുറിച്ച് 'ശബ്ദങ്ങള്‍'പോലെയുള്ള കൃതികളില്‍ അദ്ദേഹം വരച്ചിടുന്നുണ്ട്. അസമത്വത്തിന്റെ പീഡിതമുഖങ്ങളും അനാഥത്വം സൃഷ്ടിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയും രചനകളില്‍ നിറച്ചുകൊണ്ട് പലപ്പോഴും സ്ത്രീ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും ഇരയാക്കപ്പെടുന്ന കുട്ടികളെക്കുറിച്ചും ബോധപൂര്‍വ്വം ചിന്തിക്കുകയും രോഷംകൊള്ളുകയും ചെയ്തു.
സ്വന്തം ആഗ്രഹങ്ങളും സ്വാതന്ത്ര്യവും പണയപ്പെടുത്താതെതന്നെ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ചു ജീവിക്കാമെന്ന് 'പ്രേമലേഖന'ത്തിലൂടെ തെളിയിച്ചു, സ്ത്രീപക്ഷവീക്ഷണം പുലര്‍ത്തിയ ഈ എഴുത്തുകാരന്‍, മണ്ടന്‍ മുത്തപ്പയെയും സൈനബയെയും സൃഷ്ടിച്ച് പരമ്പരാഗത പ്രണയസങ്കല്പത്തെ വെല്ലുവിളിച്ചു. പുട്ടിനുള്ളില്‍ മുട്ടനിറച്ച് പ്രണയം പങ്കുവയ്ക്കുന്ന പ്രണയിനിക്കും സ്നേഹിച്ച പുരുഷനെ തലകീഴായ് നിര്‍ത്തിയ സാറാമ്മയ്ക്കും പകരം വയ്ക്കാന്‍ ലോകസാഹിത്യത്തില്‍ പോലും നായികമാരുണ്ടാവില്ല.
ഡോ. റൊണാള്‍ഡ് ഇ. ആഷര്‍ എന്ന ബഹുഭാഷാപണ്ഡിതന്റെ വിവര്‍ത്തനങ്ങളിലൂടെ ബഷീര്‍ നോവലുകളും നിരവധി കഥകളും ഇംഗ്ലീഷ് ഭാഷയിലും കുടിയേറി. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച 'Me Grandad 'ad an Elephant' എന്ന സമാഹാരം 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്!', 'ബാല്യകാലസഖി', 'പാത്തുമ്മാടെ ആട്' എന്നീ നോവലുകള്‍ ചേര്‍ന്നതാണ്. വിവര്‍ത്തനത്തിനു വഴങ്ങാത്ത ബഷീര്‍ ഭാഷയെക്കുറിച്ച് ആഷര്‍ വാചാലനാകുന്നുണ്ട്. മലയാളത്തിലെ നിരവധി പദങ്ങള്‍ കോളിന്‍സ് ഇംഗ്ലീഷ് ഡിക്ഷ്ണറിയിലും ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലും എന്‍സൈക്ലോപീഡിയയിലും എത്തിയത് ആഷറിന്റെ വിവര്‍ത്തനത്തോടെയാണ്.
കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി 1908 ജനുവരി 21ന് തലയോലപ്പറമ്പില്‍ ജനിച്ച മുഹമ്മദ് ബഷീര്‍ എന്ന ഈ എഴുത്തുകാരന്‍ തലയോലപ്പറമ്പെന്ന ദേശത്തെ 'മ്മിണി ബെല്യ' ദേശമായി, പ്രപഞ്ചത്തിന്റെ പരിഛേദമാക്കി രൂപാന്തരപ്പെടുത്തി. ബഷീര്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം - ബാപ്പയും ഉമ്മയും, അബ്ദുള്‍ഖാദര്‍, ഹനീഫ, അബൂബക്കര്‍, പാത്തുമ്മ, ആനുമ്മ, അവരുടെ അനന്തരതലമുറയായ കദീജ, പാത്തുക്കുട്ടി, റഷീദ് തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ബഷീറിന്റെ സാഹിത്യലോകത്തെ നിത്യവിസ്മയങ്ങളാണ്.
ബഷീര്‍ സ്മാരക സമിതി, ബഷീര്‍ അമ്മമലയാളം സാഹിത്യസാംസ്കാരിക കൂട്ടായ്മ, ബഷീര്‍ സ്മാരക ട്രസ്റ്റ്, ഇവയ്ക്കൊപ്പം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളും തലയോലപ്പറമ്പില്‍ സുല്‍ത്താനോടുള്ള ആദരവിന്റെ അടയാളങ്ങളാണ്.

0 comments:

Post a Comment

 
Design by SALU K S | Bloggerized by 9447002925 | trivandrumteachers@gmail.com